ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കുന്ന സേവനങ്ങളും
അവയുടെ നിബന്ധനകളും

 

 

 

ആമുഖം

ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളാക്കി മാറ്റുന്നതിന് കേരളത്തില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ സുരക്ഷാ പദ്ധതികളും ഗ്രാമപഞ്ചായത്തുകളുടെ ചുമതലകളിലുണ്ട്. കൂടാതെ പൊതു ജനങ്ങള്‍ക്ക് ദൈനംദിനം ആവശ്യമായി വരുന്ന ജനന- മരണ, വിവാഹ രജിസ്ട്രേഷനുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ തുടങ്ങിയ സേവനങ്ങളും ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കേണ്ടതുണ്ട്. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് യഥാസമയം നല്‍കുക എന്നത് ഗ്രാമപഞ്ചായത്തുകളുടെ കടമയാണ്.

ഒരു ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍, അവ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്നിവയെല്ലാം പൊതുജനങ്ങള്‍ക്കും അതുപോലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2016 ല്‍ 30.9.2016 വരെയുള്ള നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും പരിശോധിച്ച് തയ്യാറാക്കിയ കൈപുസ്തകം 3.4.2017 ല്‍ ജി.ഒ(എം.എസ്)605/2017/തസ്വഭവ നമ്പറായി അംഗീകരച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന് ശേഷം സിവില്‍ രജിസ്ട്രേഷന്‍, ക്ഷേമപെന്‍ഷനുകള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയില്‍ വലിയ മാറ്റങ്ങളുണ്ടായി. പൊതുജനോപകാരപ്രദമായി വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

കൈപുസ്തകം തയ്യാറാക്കുന്നതിന് മുന്‍കൈ എടുത്ത കിലയിലെ ഡോ. പീറ്റര്‍ എം.രാജ്, ശ്രീ.രേണുകുമാര്‍, ശ്രീ.മാത്യു ആന്‍ഡ്രൂസ്, കൈപുസ്തകം തയ്യാറാക്കുന്നതിന് സഹായസഹകരണങ്ങള്‍ നല്‍കിയ പഞ്ചായത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരേയും കിലയുടെ വിഷയ വിദഗ്ധരേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു

ഡോ. ജോയ് ഇളമണ്‍

ഡയറക്ടര്‍, കില